ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, December 29, 2013

പുതുവത്സരാശംസകളോടെ

ഓർമിക്കാൻ സ്വർണ ലിപികളിൽ ഒന്നും എഴുതി ചേർത്തിട്ടില്ല
കൊഴിഞ്ഞു പോകുന്ന ഇലകൾ  കണക്കെ ദിന രാത്രങ്ങൾ
കാലമെന്ന മണ്ണിൽ വീണു ലയിക്കുന്നു
ഋതു  ഭേദങ്ങളും വർഷ ശിഷിരങ്ങളും ഇനിയുമുണ്ടാവും
സൗഹ്രുത പൂങ്കാവനത്തിൽ
തളിരും പൂക്കളും കായ്കളും വിരിഞ്ഞു വരും
ചിലപ്പോൾ ഒന്നുമില്ലാതെ
തളിർക്കാതെയും പൂക്കാതെയും കടന്നു പോവും
നഷ്ട ലാഭങ്ങൾ ജീവിതമെന്ന മരച്ചില്ലയിൽ കൂട് കൂട്ടാൻ വരുന്ന
ദേശാടന ക്കിളികൾ പോലെയാണ് .........
ഓരോ വസന്തത്തിനും ഓരോ ഹേമന്ദത്തിനും........
അവകൾ വന്നു കൊണ്ടിരിക്കും ,,,,,,,,,,,,,,
............ പുതു വർഷത്തിന്റെ പുലരിയും പിന്നെ വിരിയുന്ന പ്രഭാത പ്പൂക്കളും സന്ധ്യാ ദീപങ്ങളും  പറന്നെത്തുന്ന  കാലമെന്ന കിളികളും നമ്മിൽ നൻമകളുടെ സൗരഭ്യവും സന്തോഷവും നിറയട്ടെ ,,,,
,,,,,, 2013,,,,നു വിട ,,,,,,,,,,,,,, സ്വാഗതം 2014 നു ,,,,,,,,,
പുതുവത്സരാശംസകളോടെ ,,,,,,,, സ്വന്തം അസീസ്‌ ഈസ്സ

Saturday, December 21, 2013

നീ ഒരു നോവായി

"""പ്രണയം !!!!
ഒത്തിരി ഇഷ്ടം മനസ്സിൽ  കൊണ്ട് നടന്ന് ആകാശപ്പറവയായി പറന്നു നടന്നു ഒടുവിൽ  ചിറകരിഞ്ഞു വീണപോലെ വിരിഞ്ഞു നിൽക്കുന്ന പൂവിൽ നിന്നും ഒരിതൾ അടർന്നു വീഴുമ്പോഴുണ്ടാകുന്ന ആത്മ നൊമ്പരം പോലെ !!!:"""

ഒരുനാൾ
പ്രണയമായി എൻ മിഴിയിൽ തിളങ്ങി നീ
മോഹമായി അകതാരിൽ തഴുകി നീ
സ്നേഹമായി ജീവനിൽ  അലിഞ്ഞു നീ
രാക്കിളിപ്പാട്ടിൻ  ഈണമായി  നീ
രാത്രി മഴ തൻ സ്വര രാഗതാളമായി
നിനവുകളിൽ നിറഞ്ഞതും  നീ
സ്വപ്നമായി പുണർന്നതും  നീ
മനസ്സിൽ തുളുമ്പുമാ സ്നേഹാമൃതും  നീ
എന്നിൽ ഒരു പുഴയായി ഒഴുകി നീ
,,,,,, ഇന്നു പറയാൻ മറന്നൊരു വാക്കായി നീ
പാടാൻ മറന്നൊരു രാഗമായി നീ
നോവിൻ കനലുകൾ മഴയായി പെയ്യിച്ചു നീ
വീശുന്ന കാറ്റിൽ വിഷാദം പകുത്തു നീ
വിട ചൊല്ലാനായി വന്നെൻ അരികിൽ
വിതുമ്പും മിഴിയാൽ യാത്ര ചൊല്ലി
ഞാനെന്ന ജീവനിൽ തീരാത്തൊരീ മൗനം
 ........ പകർന്നകന്നു നീ
വിരഹമാം തടവറ എനിക്കായി തീർത്തു   നീ
.............""" നീ തന്ന സ്നേഹത്തിന്റെ ഓർമയിൽ
നീ എനിക്കായി സമ്മാനിച്ച ചുവന്ന റോസാപ്പൂവ് പതിച്ച കല്ലു  മോതിരം ഇന്നൊരു മൂക സാക്ഷിയായി എനിക്കൊപ്പമുണ്ട് """

അന്നു മഴ പെയ്തിരുന്നില്ല ,,,,(Repost)


അതെ അന്ന് മഴ പെയ്തിരുന്നില്ല
  വര്‍ഷ കാലത്തിന്‍റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ   എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ ...നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
 നോവ്‌ കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക  ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്‍റെ കുളിരില്‍ ലയിച്ച്...!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ....
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
 മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
 നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത്‌ വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
"എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് "
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
 "നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ "
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്

പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്‍റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ  കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ 
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം  വീണു
നമസ്കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ  കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക്  കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
"കുഞ്ഞൂട്ടിക്കാ "
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം  കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!

നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്‍റെ  തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്‍റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍  മുഴങ്ങില്ല
 പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്‍റെ  ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം  നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്‍റെ  വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ  ആ ദിവസം കൊഴിഞ്ഞുവീണു
 പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ല
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ ... ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ .....,,,,,

Monday, December 16, 2013

മഴയുടെ കൂട്ടുകാരി

ഏറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റെഷൻ
പകലിനെ നേർത്ത ഇരുൾ കമ്പളം മൂടിത്തുടങ്ങിയിരുന്നു മഴ നേർത്തു പെയ്യുന്നുണ്ട്
ഏതു നിമിഷവും കോരിച്ചൊരിയുന്ന ഒരു മഴയുണ്ടാകും
ട്രെയിൻ വന്നു നിന്നപ്പോൾ ജനറൽ കമ്പാർട്ടു മെന്റിന് നേരെ ഓടി
വലിയ തിരക്കൊന്നുമില്ല   ആളൊഴിഞ്ഞ ബർത്തിൽ സ്ഥാനം പിടിച്ചു .........
വണ്ടി ചലിച്ചു തുടങ്ങും മുൻപേ മൂന്നു കോളേജു കുട്ടികൾ വന്നിരുന്നു
"ഹോ നാശം പിടിച്ച  മഴ  "
മഴയെ പ്രാകിക്കൊണ്ട് അവർ സീറ്റിലേക്ക് ചാഞ്ഞിരുന്നു
ഒരുപാട് നേരം അവർ മഴക്കെതിരെ യുള്ള രോഷ പ്രകടനം തുടർന്നു
കാര്യമന്വേഷിച്ചപ്പോൾ അവർ പറഞ്ഞു
"മച്ചാ ഇന്നൊരു ക്രിക്കറ്റ് മാച്ചുണ്ടായിരുന്നു ക്ലാസ്സ് കട്ട് ചെയ്തു പോന്നതാ ഈ മഴ അതും തൊലച്ചു  കളി നടന്നില്ല " വാക്കുകളിൽ അരിശം നിറഞ്ഞു നില്കുന്നുണ്ട്
ഞാൻ വെറുതെ മഴയിലേക്ക് കണ്ണയച്ചു
ആകാശത്തു നിന്ന് തൂവെള്ള പൂക്കളായി മഴ ചാഞ്ഞു പെയ്യുന്നുണ്ട്
അങ്കമാലി എത്തിയപ്പോൾ ആളുകളുടെ എണ്ണം  കൂടി
കൂട്ടത്തിൽ ഒരു ഫാമിലിയും
അവർക്കൊപ്പം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും
അവൾ ചിണുങ്ങി കൊണ്ടിരുന്നു
"എന്താമ്മേ മഴ പെയ്യാതെ .......
അമ്മയല്ലേ പറഞ്ഞത് വലിയ  മഴ പെയ്യൂന്ന്"
"ഇപ്പൊ പെയ്യും " ആ സ്ത്രീ അവളെ സമാധാനിപ്പിക്കുന്നുണ്ട്
കുറച്ചു നേരം അവൾ നിശബ്ദമായി  പുറത്തേക്ക്  നോക്കിയിരുന്നു
ട്രെയിൻ കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഓടിക്കൊണ്ടിരുന്നു
എവിടെ നിന്നോ പഴയൊരു ഹിന്ദി ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു
ഒപ്പം കല്ലുകൾ തമ്മിൽ കൂട്ടി താളമിട്ടുള്ള അകമ്പടിയും
ചില നിമിഷങ്ങൾക്കകം ഒരു പയ്യൻ ശ്രുതി മധുരമായി  പാടിക്കൊണ്ട് നടന്നു വന്നു
വണ്ടിയുടെ ചലനത്തിനും  പാടിന്റെ താളത്തിനുമൊപ്പം ഇരുന്ന്‌ ആളുകൾ ആസ്വദിക്കുന്നു  എല്ലാവരുടെയും കണ്ണുകൾ അവനിലേക്കാണ്
ഒപ്പം ആ പെണ്‍കുട്ടിയും അവളുടെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ
പാട്ട് കഴിഞ്ഞു കൂലി  എന്ന പോൽ ആളുകൾക്ക് നേരെ അവൻ കൈനീട്ടി
കയ്യിൽ വീഴുന്ന ചില്ലറത്തുട്ടുകൾ എടുത്തു പോക്കറ്റിലിട്ടു ഭാവഭേദം കൂടാതെ അവൻ നടന്നു നീങ്ങി
മഴ ഇപ്പൊ പെയ്യ്വോ അമ്മെ " അവൾ പിന്നയും ചിണുങ്ങിത്തുടങ്ങി ഒപ്പം അമ്മയുടെ കവിളിൽ ചെറുതായി  തല്ലിക്കൊണ്ട് ചോദ്യം ആവർത്തിക്കുന്നു
അമ്മ പക്ഷെ അവളെ ചേർത്തു പിടിച്ച്  ഇരുന്നു മറുപടി ഒന്നും പറയാതെ
കുറച്ചു നേരം അവൾ നിശബ്ദയായിരുന്നു പുറത്തെ കാഴ്ച്ചയിൽ മിഴി നട്ട്
 പച്ചത്തിരുത്തുകൾ പിറകോട്ടു ചലിക്കുന്നതും നോക്കി
മൂടികെട്ടിയ ആകാശം വിതുമ്പി നിൽക്കും പോലെ
ഞാൻ അവളെ തന്നെ ശ്രദ്ധിച്ചിരുന്നു മനോഹരമായി വെട്ടി ഒതുക്കിയ മുടി നെറ്റിയിൽ നക്ഷത്രപൊട്ട് മിഡിയും ടോപ്പും ധരിച്ച കൊച്ചു മാലാഖ !!
ഞാൻ അവളെ കൈ കാട്ടി  വിളിച്ചു
വരില്ലാന്ന് തലയാട്ടി
 കയ്യിലിരുന്ന ഒരു ചോക്ക്ലേറ്റ് എടുത്തു നീട്ടി
വേണ്ടാ " അവൾ പറഞ്ഞു
അതെന്തേ " ഞാൻ ചോദിച്ചു
"ആരുടെ കയ്യീന്നും  ചോക്ക്ലേറ്റ് വാങ്ങണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ"  അവൾ പറഞ്ഞിട്ട് ഉറപ്പിക്കാനെന്നോണം അമ്മയെ നോക്കി
 'ല്ലേ അമ്മെ " ആ സ്ത്രീ കുഞ്ഞിന്റെ മറുപടി  കേട്ട് ചിരിയടക്കി ഇരുന്നു
തൊട്ടടുത്ത നിമിഷം പുറത്തു മഴയ്ക്ക്‌ ശക്തി കൂടി
കാറ്റിനൊപ്പം മഴ തിമർത്തു പെയ്തു
ആ കൊച്ചു അമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു
ജാലകത്തിനരികിൽ വന്നു മഴയെ ചില നിമിഷങ്ങൾ നോക്കി നിന്നു
കണ്ണുകളിൽ നിറയുന്ന വിസ്മയം
ഇടക്ക് ചിതറുന്ന മിന്നലിന്റെ വെളിച്ചം മഴയുടെയും ഇടിയുടെയും ആരവങ്ങൾക്കൊപ്പം  ട്രെയിനിന്റെ ശബ്ദവും
അവൾ മനോഹരമായ പുറം കാഴ്ചയിൽ മതി മറന്നപോലെ നിന്നു
അവൾ തിരിഞ്ഞു അമ്മയെ നോക്കി
 'അമ്മെ ദേ മഴ പെയ്യന്നു
പിന്നെ കൈകൊട്ടിക്കൊണ്ട് തുള്ളിച്ചാടി
എല്ലാവരെയും വിളിച്ചു കാണിക്കുന്നു
മഴ പെയ്യുന്നു നോക്ക് ......
അവൾ ഞങ്ങൾക്കിടയിൽ  അങ്ങോട്ടുമിങ്ങോട്ടും ചാടുകയും ഓടുകയും ചെയ്യുന്നു
പുറത്തെ മഴയുടെ നൃത്ത സംഗീതത്തിനൊപ്പം അവളുടെ ആഘോഷവും സന്തോഷിപ്പിക്കുന്നതയിരുന്നു
അവളുടെ കളിചിരികൾ മഴയുടെ താളത്തിനൊപ്പം ഉയർന്നു കൊണ്ടിരുന്നു പരിസരം മറന്നപോലെ !!!
അവളുടെ മാതാപിതാക്കൾ മന്ദഹാസത്തോടെ ഇരിക്കുന്നു അവളെത്തന്നെ  ഉറ്റുനോക്കി
പക്ഷെ ആ പയ്യൻമാർ ഇഷ്ടപ്പെടാത്ത മട്ടിലായിരുന്നു
കുഞ്ഞിന്റെ കളി കുറെ നേരം നോക്കി നിന്ന ഒരുവൻ കുട്ടിയുടെ അച്ഛനെ നോക്കി പറഞ്ഞു
"ഈ കുട്ടിയെന്താ ഇങ്ങനെ ബഹളം വേക്കണെ ഒന്നടങ്ങിയിരുന്നൂടെ
മഴ കാണാത്ത പോൽ "
അദ്ദേഹത്തിന്റെ മുഖം വല്ലാതെയായി
എനിക്കും എന്തോ പോലെ തോന്നി
എന്നിട്ടും പക്ഷെ അയാൾ കുഞ്ഞിനെ തടഞ്ഞില്ല
അവൾ അവളുടെ  ആഘോഷം  തുടരുന്നുണ്ടായിരുന്നു
എല്ലാവരെയും ഒന്ന് നോകിയിട്ടു അദ്ദേഹം പറഞ്ഞു
സോറി ബുദ്ധിമുട്ടുന്നുണ്ട് എന്നെനിക്കറിയാം അവൾ മഴ കണ്ടോട്ടെ ആസ്വദിചോട്ടെ
അയാൾ ഒന്ന് നിർത്തി ഭാര്യയെ നോക്കി
പിന്നെ മെല്ലെ പറഞ്ഞു
"അവൾ ആദ്യായിട്ടാ മഴ കാണുന്നെ "
പ്രകൃതിയെ നടുക്കിക്കൊണ്ട് പുറത്തൊരു ഇടിനാദം കേട്ടു അവൾ ഓടി വന്നു അച്ഛന്റെ മടിയിൽ വീണു
ഞാനടക്കം എല്ലാവരും നിശബ്ദരായി
അയാൾ കുഞ്ഞിറെ മുടിയിൽ തലോടിക്കൊണ്ട് തുടർന്നു
എന്റെ മോൾക്ക്‌  കാഴ്ച ശക്തി ഉണ്ടായിരുന്നില്ല
ആരും ശബ്ദിച്ചില്ല പുറത്ത് മഴയുടെ നാദം കാതിൽ നിന്നും അകന്നപോലെ
അയാൾ തുടർന്നു
"കണ്ണ് മാറ്റി വെച്ചതാ അതിന്റെ ഓപറെഷൻ കഴിഞ്ഞു വരുന്ന വഴിയാ  അപ്പൊ ഞാനെങ്ങനെയാ അവളെ തടയുന്നെ സോറി "
എല്ലാവരുടെയും കണ്ണുകൾ ആ കുഞ്ഞിലായിരുന്നു
വിശ്വസിക്കാൻ പ്രയാസം തോന്നി എ കുഞ്ഞിനു കാഴ്ചയില്ലയിരുന്നു എന്ന്
പുറത്തു മഴതൊർന്നിരുന്നില്ല
ജാലക വാതിലിലൂടെ ഈറൻ കാറ്റ് വന്നടിച്ചു കൊണ്ടിരുന്നു
ഞാൻ അറിയുകയായിരുന്നു മഴയുടെ ഭംഗി ഓരോ മഴയ്ക്കൊപ്പം അവൾ മനസ്സിൽ നിറഞ്ഞു നിൽകുന്നു ആ മഴയുടെ കൂട്ടുകാരി

Saturday, December 14, 2013

വിനാശം

കാണുവാനൊക്കുമോ ഒഴുകുമീ പുഴയും
തഴുകിയെത്തുമാ ഈറൻ കാറ്റും
വയൽ പാട്ടു ചാർത്തും
നെൽകതിരിൻ സീൽകാരങ്ങളും.....
കിളിക്കൊന്ജലും..........
തണലേകും മരങ്ങളും .!!
തുണയേകും  മലകളും
അസ്തമിക്കുന്നോരോ മണ്ണിൻ നിഴലുകൾ
പ്രകൃതി തൻ സുകൃതങ്ങളും
ഓർമയിൽ മറഞ്ഞിടുന്നു നീർ തെളിയും വേരുകൾ
ഒക്കെയും മാറിടും വിപത്തായി നമുക്ക് മുന്നിൽ
മാറില്ലൊരിക്കലും മനുഷ്യാ നിന്റെ
ആർത്തിയും......... മോഹവും ...
നേട്ടങ്ങളൊക്കെയും .വിനാശമേകും.... ഓർക്കുക !!
...........................                        ........,,,,,,,,,,,,,,അസീസ്‌ ഈസ ,,,,,,,,........

Thursday, December 12, 2013

എന്‍റെ യാത്രയില്‍ നിന്ന്.(repost)



     നിശീഥിനിയെ കീറിമുറിച്ചുകൊണ്ട് മംഗള എക്സ്പ്രസ്സ്‌ ഓടിക്കൊണ്ടിരുന്നു, ജനറല്‍ കമ്പാര്‍ട്ട്മെന്‍റ് സിംഹഭാഗവും യാത്രക്കാരാല്‍ നിറഞ്ഞിരിക്കുന്നു ചെറിയ താളത്തോടെ  എല്ലാവരും മൂകമായി ഇരിപ്പുണ്ട് ചിലര്‍ ഇടയ്ക്കിടെ കണ്ണുചിമ്മി ആടുന്നു നിദ്ര വന്നു എത്തി നോക്കുന്നപോലെ
     രാവിന്‍റെ എത്രാമത്തെ യാമ മാണിതെന്നു പുറത്തേക്ക് നോക്കിയപ്പോള്‍ വെറുതെ മനസ്സ് ചോദിച്ചു അറിയില്ലല്ലോ മറുപടി പറയാന്‍ ,അല്ലെങ്കില്‍ എത്ര യാമങ്ങളുണ്ടാവാം രാത്രിക്ക് ,അര്‍ദ്ധ ചന്ദ്രന്‍റെ നേരിയ വെളിച്ചം അകലെ മലമടക്കുകളില്‍ തട്ടുന്നുണ്ട് ചെറിയ കാറ്റില്‍ അവിടുത്തെ മരങ്ങള്‍ ഇളകിയാടുന്നു  കയ്യിലിരുന്ന പുസ്തകത്തിലേക്ക് പിന്നെയും കണ്ണ് നട്ടു, വായിച്ചു ബോറടിച്ചതു കൊണ്ടാവണം നിദ്രാദേവി പതിയെ എന്നെയും പൊതിഞ്ഞു .
       കമ്പാര്‍ട്ട് മെന്‍റ്  ആകെ ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ആളുകള്‍ ഇറങ്ങിയും കയറിയും ഒച്ചയുണ്ടാവുന്നു പുറത്തേക് നോക്കിയപ്പോള്‍ ഇരുട്ടല്ലാതെ ഒന്നും കണ്ടില്ല  നിലാവ് മാഞ്ഞു പോയിരുന്നു .   എന്‍റെ മുമ്പിലത്തെ സീറ്റില്‍ ഒരു സ്ത്രീ വന്നിരുന്നു എനിക്കഭിമുഖമായി സാരിയാണ് വേഷം, തൊട്ടടുത്ത്‌ വടിയും ഊന്നിപ്പിടിച്ചു നഗ്നപാഥരായി രണ്ടു ബുദ്ധ സന്യാസികളും  പറ്റെ വെട്ടിയ തലമുടി  കണ്ണില്‍ താത്വിക ഭാവം ചുണ്ടില്‍ നേരിയ പുഞ്ചിരി . കയറിവന്നപാടെ  ആസ്ത്രീ  സീറ്റില്‍ ചാരിയിരുന്നു  തല പിറകില്‍ കായ്ച്ചു കണ്ണടച്ചു എന്തോ ക്ഷീണം പോലെ.   കുറച്ചു കഴിഞ്ഞു  എന്നെ നോക്കി  ഞാനൊന്നു പുഞ്ചിരിച്ചു  അവര്‍ തിരിച്ചും  അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് മുഖത്ത് താടിരോമങ്ങള്‍ പോലെ !!!!!!   ഉണ്ടാവാം  ഞാന്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ട്. മീശയുള്ള സ്ത്രീകള്‍ അതുപോലെയാവാം
ഞാന്‍ വെറുതെ ഇരുട്ടിലേക്ക് നോക്കിയിരുന്നു ഒന്നും കാണാന്‍ വയ്യ  എങ്കിലും അങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസം തോന്നി
കാപ്പിയുമായി വന്ന ഒരാളില്‍നിന്ന് ഞാന്‍ ഒരുകാപ്പി വാങ്ങി അപ്പോള്‍ അസ്ത്രീ പറഞ്ഞു
 ഒരെണ്ണം എനിക്കും വാങ്ങിതാ കുഞ്ഞേ "     ശബ്ദം കേട്ട് ഞാനൊന്നു പകച്ചു  അതിനു കാരണം രണ്ടാണ്  ആണിന്‍റെ ശബ്ദം!!!!!!  പിന്നെ പച്ച മലയാളവും!!!!!!     ഞാന്‍ യാന്ദ്രികമായികാപ്പിവാങ്ങിക്കൊടുത്തു  അവര്‍ അത് മൊത്തിക്കുടിക്കുന്നത്  ഞാന്‍  നോക്കിയിരുന്നു   തടിച്ചിരുണ്ട ശരീരപ്രകൃതം തലയില്‍ കനകാംബരപ്പൂവ് ചൂടിയിട്ടുണ്ട്  കാപ്പി കുടിച്ചു കപ്പ്  ജാലകത്തിലൂടെ  പുറത്തേക്ക് എറിഞ്ഞു
ഇതെന്താ ഇങ്ങനെ" എനിക്ക് ഭയം തോന്നി ഞാന്‍ കണ്ണടച്ചു ശ്വാസം നേര്‍ത്തു വലിച്ചു
കുഞ്ഞെങ്ങോട്ടാ???? " ചോദ്യം കേട്ട് ഞാന്‍ കണ്ണ് തുറന്നു മറുപടിക്ക് ഒന്ന് വിക്കി  "ബോംബെക്ക്"  അവിടെയാണോ പഠിക്കുന്നെ "
അല്ല ജോലിക്കാണ്"
ഉവ്വോ , എത്ര പഠിച്ചു "
ചോദ്യങ്ങള്‍ ഒന്നൊന്നായി പിറകെ വന്നു അവരോടു മറുപടി പറയുന്നതോടൊപ്പം മാനസികാവസ്ഥയും മാറി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിന്നു ആദ്യ യാത്രയിലെ പേടി എന്നെ വിട്ടകന്നു  അവരുടെ ശബ്ദം മാത്രം എന്നെ അലോസരപ്പെടുത്തി
പാലക്കാട് ആണ് നാടന്നും താമസം ഹുബ്ലിയിലാനെന്നും ഞാന്‍ മനസ്സിലാക്കി  എങ്ങോട്ട് പോകുന്നു  എന്ന ചോദ്യത്തിന് നേര്‍ത്ത ചിരി മാത്രം മറുപടിയായി തന്നു
കുറച്ചു കഴിഞ്ഞു പറഞ്ഞു
  "ലക്ഷ്യത്തിനു  എന്ത് പ്രസക്തം നമ്മള്‍ എത്തിപ്പെടുന്നതാണ്  അത് ലക്‌ഷ്യം  പാലക്കാട്ടെ ഗ്രാമത്തില്‍ ജനിച്ച എനിക്ക് എന്തൊക്കെ ലക്ഷ്യങ്ങളായിരുന്നു .പഠിച്ചു നല്ലനിലയിലെത്താന്‍ അമ്മാവനെപ്പോലെ ഒരു വക്കീലാവാന്‍ ,പക്ഷെ എന്റെ വളര്‍ച്ച  എന്നെ ഇങ്ങനെയാക്കി"
 ഞാന്‍ തുറിച്ചു നോക്കി മനസ്സിലാകാതെ  അവര്‍ തുടര്‍ന്നു
അമ്മയ്ക്കും അച്ഛനും രണ്ടു മക്കളായിരുന്നു ഒരാണും ഒരു പെണ്ണും മൂത്തതാണ് ഞാന്‍ എന്‍റെ വളര്‍ചക്കൊത്തു ഞാന്‍ ആണല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു എന്നില്‍ എന്തോ മാനസിക വളര്‍ച്ച പെണ്ണിന്‍റെ എന്നപോലെ ആയിരുന്നു ശരീര വളര്‍ച്ചക്കൊപ്പം  ആസത്യം  അമ്മയും മനസ്സിലാക്കി പിന്നീട് വീട്ടില്‍ എന്നെ ഒരു അത്ഭുത ജീവിയായിട്ടാണ് കണ്ടത് തികച്ചും ഞാന്‍ ഒറ്റപ്പെട്ടു വീട്ടില്‍ പതിയെ പതിയെ സ്കൂള്‍ കുട്ടികള്‍കിടയിലും അദ്യപകര്‍ക്കിടയിലും ഞാന്‍ രു ചര്‍ച്ചാ വിഷയമായി ഓരോരുത്തരും എന്നെ ശ്രദ്ദിക്കാന്‍ തുടങ്ങിയതോടെ സ്കൂള്‍ പഠനം നിര്‍ത്തി ഒന്‍പതില്‍ വെച്ച്   അതെനിക്ക് വലിയ സങ്കടമായിരുന്നു വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഒത്തിരിനാള്‍ നിന്നു ഒരു രാത്രി ഞാന്‍ വീടിന്‍റെ പടിയിറങ്ങി അതിനു മുന്‍പ് അനിയത്തിയെ മാത്രം അവളുടെ
 മുറിവാതില്‍കല്‍ ചെന്നുനിന്നു കണ്ടു ഉറങ്ങിക്കിടന്ന അവളെ നോക്കിയാത്ര പറഞ്ഞിറങ്ങി ഇപ്പൊ വര്ഷം പതിനെട്ടായി  എന്നെ ആരും അന്വേഷിച്ചില്ല അങ്ങനെയുണ്ടാവില്ല കാരണം ഞാന്‍ പറയണ്ടല്ലോ "
അവര്‍ ചെറുതായൊന്നു കണ്ണ് ഒപ്പി
ശരിയാണ് നമ്മുടെ നാട്ടില്‍ രണ്ടു വിഭാഗക്കാരാണ് ആണും പെണ്ണും പ്രകൃതി നിയമം അങ്ങനെയാണല്ലോ ഞാനന്ന് ആദ്യമായാണ്‌ മൂന്നാമൊതൊരു വിഭാകത്തില്‍ പെട്ടയാളെ കാണുന്നത്   ആണയിട്ടു ജനനം പെണ്ണായി വളര്‍ച്ച
എങ്ങനെ ഇതുമായി പൊരുത്തപ്പെടും അല്ലെങ്കില്‍ പൊരുത്തപ്പെടാതിരിക്കും
മഹാഭാരതകഥയില്‍ ശിഖണ്ടി എന്നാ അവതാരത്തെ പറ്റി കേട്ടിട്ടുണ്ട് അത് പോലെ !!!!
  മുംബൈ നഗരത്തിലെത്തി അവര്‍ ഏതോ വഴിക്ക് യാത്രയായി ഞാന്‍ എന്‍റെ വഴിക്കും
   ഇന്നിപ്പോള്‍ ഞാന്‍ കണ്ടു മുട്ടിയ ഒരുപാട് കഥാ പാത്രങ്ങളില്‍ ഒരാളായി ഓര്‍മ്മയില്‍ ജീവിക്കുന്നു അവര്‍ !!!!!!!!!!!!!   
          (ഇന്നിപ്പോള്‍ ഞാന്‍ കാണുന്നുണ്ട് ഫിലിപ്പിന്‍സില്‍ നിന്നുള്ള ഒരു പാട് പേര്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന കൂട്ടത്തില്‍  ശാരീരികമായി അവര്‍ക്കുള്ള മാറ്റങ്ങള്‍  ഭാവങ്ങളില്‍ മാത്രം ദ്രിശ്യമാണ്  പക്ഷെ ഞാന്‍ ആദ്യം കണ്ട ആസ്ത്രീയും ഇവരും തമ്മില്‍ ഒരുപാട് വിത്യാസങ്ങള്‍ തിരിച്ചറിയാം
നടക്കുന്ന താളം സംസാര രീതി ഇതൊക്കെയല്ലാതെ ഇക്കൂട്ടരില്‍ വേറെ മാറ്റങ്ങള്‍ കാണാന്‍  പറ്റില്ല സ്ത്രീ ഹോര്‍മോണിന്റെ അളവ് ഇവരില്‍ കൂടുതല്‍ ഉള്ളതാണ് എന്നും കേട്ടറിവ് ഉണ്ട് എന്നാല്‍ ഇവരെ ശിഖണ്ടി വര്‍ഗതില്പെടുതാമോ അറിയില്ല സ്വവര്‍ഗരതിക്കരെന്നും ഇവരെക്കുറിച്ച് പറയാറുണ്ട് )

Monday, December 2, 2013

ആത്മ ബന്ധങ്ങൾ

മുംബൈയിലെ കസായ്  വാട
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  ഗല്ലി , ബലിമൃഗങ്ങളുടെ  നിലവിളി മുഴങ്ങുന്ന ഇവിടെ   എപ്പഴോ ആണ് ഞാനും എത്തിപ്പെട്ടത് കൂറ്റൻ മലയുടെ താഴ്വാരമാണ് ക്സായി വാട .
കുർള റെയിൽ വേ സ്റ്റെഷനോട്‌  ചേർന്ന് കിടക്കുന്ന ഈ തെരുവിൽ പലജീവിത വേഷങ്ങൾ കെട്ടിയാടുന്നുണ്ട് 
സായാഹ്നങ്ങളിൽ  ജനങ്ങൾ  നേരിയ റോഡിൽ തടിച്ചു കൂടുന്നത് കാണാം
പഴങ്ങളും പച്ചക്കറികളും  ആടിന്റെയും മാടിന്റെയും മാംസങ്ങൾ കൂടാതെ എണ്ണയിൽ പൊരിച്ചെടുക്കുന്നതും ചുട്ടെടു ക്കുന്നതുമായ ഇറച്ചി വിഭവങ്ങൾ, മുംബൈയുടെ ഇഷ്ട വിഭവമായ പാവ്ബാജി , ഇവയുടെ യൊക്കെ കച്ചവടത്തിരക്ക് അന്തരീക്ഷത്തിൽ നിറയുന്ന ബഹളം പതിവ് കാഴ്ചയാണ് ഒപ്പം അടിപിടികളും കച്ചവടത്തിന് സ്ത്രീകളും കുട്ടികളുമടക്കം കാണാം 
മിക്കപ്പോഴും അവനെ ഞാൻ കണ്ടിട്ടുള്ളത് ആരെങ്കിലുമായി അടികൂടുന്നതാണ് 
ഇരുപതോ മറ്റോ പ്രായമേ കാണൂ അവന് 
എപ്പോഴും എന്തിനാണവൻ വഴക്കിടുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് 
ഒരു ദിവസം കച്ചവടത്തിരക്കുകൾക്കിടയിൽ നിറഞ്ഞു പെയ്ത മഴ 
എല്ലാവരും മഴകൊള്ളാത്തിടം നോക്കി ഓടി  കടത്തിണ്ണയിലും മറ്റുമായി നിന്നു 
ആ സമയത്താണ് അവിടെയൊക്കെ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ  മഴയിൽ നനഞ്ഞു കുതിർന്നു വന്ന് . കടകളുടെ മേൽകൂരയിൽ നിന്ന് വീഴുന്ന മഴവെള്ളം കൈനീട്ടി കുടിക്കാൻ തുടങ്ങി  എവിടെ നിന്നോ ആ ചെറുക്കൻ ഓടിവന്ന്  വെള്ളം കുടിച്ചു  കൊണ്ടിരുന്ന അവരുടെ കയ്യിൽ  തട്ടി 
കയ്യിൽ  പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ കടയ്ക്കു മുൻപിലെത്തി  ഒരു കുപ്പി വെള്ളം വാങ്ങി  ആ സ്ത്രീ യെ പിടിച്ച് തിണ്ണയിൽ കയറ്റി നിർത്തി വെള്ളം കയ്യിലോട്ട് ഒഴിച്ച് കൊടുത്തു 
ഒരു നിമിഷം ആ സ്ത്രീ അവന്റെ മുഖത്തേക്ക് നോക്കി  പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി 
ആ സംഭവത്തിന്റെ ണ്ടു ദിവസത്തിനു ശേഷമാണ് അവിടെ ഒരു അടി നടന്നത് 
ആ പയ്യനും കുറെ പേരും, ആളുകൾ  കൂടി നിന്ന് വീക്ഷിക്കുന്നതിനിടെ 
ആ സ്ത്രീ ഓടിവന്നു ആ ചെറുക്കനെ പൊതിഞ്ഞു പിടിച്ചു  അവർ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ കുഴഞ്ഞ നാക്ക് കൊണ്ട് പറയുന്നുണ്ട്, അവൻ കുതറിയെങ്കിലും വിട്ടില്ല  അവനെയും വലിച്ചു കൊണ്ട് പോയി 
ജനങ്ങൾ വിസ്മയത്തോടെ അത് നോക്കി നിന്നു 
പിന്നീട് കുറച്ചു ദിവസങ്ങൾക്കു  ശേഷം പുലർച്ചെ മലമുകളിലേക്ക് കയറുന്ന വഴിയിൽ  അവൻ മരിച്ചു കിടക്കുന്ന വാർത്തയാണ് ഞങ്ങളെ  ഉണർത്തിയത് 
കുറെ സമയത്തേക്ക് നടുക്കം വിട്ടു മാറാതെ നിന്നു  എല്ലാവരും , ഞങ്ങൾ അവിടെ എത്തുമ്പോൾ  ജനങ്ങൾ കൂടി നില്പുണ്ട്  നിലവിളിക്കുന്ന 
അവന്റെ അമ്മയെ ആരോ താങ്ങി കൊണ്ട് പോവുന്നത് കണ്ടു  ചുറ്റും ആളുകൾ നിൽകുന്നതിനാൽ ഒന്നും കാണാൻ വയ്യ  ആരുടെയോ കരച്ചിൽ മാത്രം ഉയർ ന്നു  കേൾക്കാം  പതുക്കെ ഇടയിലൂടെ നുഴഞ്ഞു ഞാൻ കണ്ട കാഴ്ച  എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട് ചോരയിൽ കുളിച്ചുകിടക്കുന്ന അവനരികിൽ ഹൃദയം പൊട്ടിക്കരയുന്ന ആസ്ത്രീ
ജടകെട്ടിയ മുടിയിൽ പിടിച്ചു വലിച്ചു വിലപിച്ചു കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ കൈകൊണ്ട് തലയിൽ തല്ലിക്കൊണ്ട് കരയുന്നു
കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുമുണ്ട്
ആ കാഴ്ചയ്ക്ക് ശക്തിയില്ലാതെ ഞാൻ പിന്തിരിഞ്ഞു .
മൃതുദേഹം ആശുപത്രിയിൽ  നിന്ന് ഏതോ സ്ഥലത്ത് കൊണ്ട് പോയി സംസ്കരിച്ചു
ആ സ്ത്രീ അപ്പോഴും ആ മലയിടുക്കിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.
എന്ത് ആത്മ ബന്ധ മായിരിക്കും  അവരുതമ്മിൽ
അവനന്ന് ഒഴിച്ച് കൊടുത്തത് സ്നേഹ മായിരിക്കുമെന്നു തോന്നി എനിക്ക്
പിന്നെയും ആസ്ത്രീ ആ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
ആരെയോ തിരയുന്ന പോലെ ...!! എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട്